Sunday, 8 September 2013

ഒരു പുനര്‍ വിചിന്തനത്തിന്ന്‍ വേണ്ടി . .

കഴിഞ്ഞ മാസം അൽപ ദിവസത്തെ അവധിക്ക് നാട്ടിൽ പോയിരുന്നു. ഏഴ് മാസമേ പിന്നിട്ടിരുന്നുള്ളൂ , അതിന്നിടയിൽ എന്റെ ശ്രദ്ധയിൽ പെട്ട അതിശയിപ്പിക്കുന്ന ചില മാറ്റങ്ങൽ നിങ്ങളോട് പങ്കുവെക്കുന്നത് നന്നായിരിക്കും എന്ന് തോന്നി. വിമർശനമല്ല ലക്‌ഷ്യം. പരിഹാരം തേടേണ്ട ഗൌരവമുള്ള വിഷയങ്ങളാണ് ചിലതെല്ലാം. 

- ഏറണാകുളം കോഴിക്കോട് യാത്ര ഓർമവെച്ച കാലം മുതൽ ഉള്ളതാണ്. ഇത്തവണ കാറിൽ. പടുക്കൂറ്റൻ പരസ്യ ബോർഡുകൾ മുക്കിനു മുക്കിനു കാണാം. പതിവ് പോലെ ഫ്ലാറ്റ് - വില്ലാ സംരംഭങ്ങളും പട്ടിന്റെ പൊലിമയും ജ്വല്ലറി പ്രളയവുമാണ് മുൻപന്തിയിൽ. എന്നാൽ അത്ഭുദം തോന്നിയത് വന്ധ്യതാ നിവാരണകേന്ദ്രങ്ങളുടെ പരസ്യത്തിലുള്ള ആധിക്യമായിരുന്നു. 
ഇടയ്ക്കു പറയട്ടെ - ചൈനയിലെ ഷാങ്ങ്ഹായ്ക്കും ജിയാങ്ങ്സു പ്രവിശ്യയിലെ സമാന ദൂരമുള്ള ചില സ്ഥലങ്ങൾക്കും ഇടയിൽ റോഡ്‌ യാത്ര നടത്താറുണ്ടായിരുന്നു . ഒരൊറ്റ സ്വർണ പരസ്യം കണ്ടില്ല. പട്ട് സാരി പിന്നെ അവരുടെ ഏരിയ അല്ല എന്ന് വെക്കാം. കണ്ടത്‌ കൂടുതലും ഉപകരണങ്ങളുടെയും വിവിധ കാർഷിക-വ്യാവസായിക ഉൽപന്നങ്ങളുടെയും സംരംഭങ്ങളുടെയും പരസ്യങ്ങൾ... ചിന്തിക്കണം നാം)

- KFC മോഡൽ ഫാസ്റ്റ് ഫുഡ് / ബ്രോസ്റ്റ് കടകൾ പെരുകിയിരിക്കുന്നു. എത്രത്തോളമെന്നല്ലേ ? ഒരു ബൈകിൽ എന്റെ നാട്ടിലൂടെ വൈകുന്നേരം യാത്ര ചെയ്യുന്നു എന്നിരിക്കട്ടെ. വെന്തുരുകി കറങ്ങുന്ന കോഴികളുടെ നറുമണം നാസഗ്രന്ധികളെ പുളകിതമാക്കാതെ ഒരു അങ്ങാടി പോലും പിന്നിടാൻ നിങ്ങൾക്ക് സാധിക്കില്ല. അമേരിക്കൻ - അറബ് ഫാസ്റ്റ് ഫുഡ് വിദ്യകളുടെ നൂതനമായ സമന്വയം സക്ഷാത്കരിച്ചതിൽ അഭിമാനിക്കാൻ നമുക്ക് വകയുണ്ട്. ആശുപത്രികൾക്കും.

- റോഡുകളൊക്കെ തരക്കേടില്ല. കുത്തിയൊലിക്കുന്ന പേമാരിക്കാലത്തെ പരിഗണിക്കുമ്പോള്‍ ഭേതം തന്നെ. എന്നാൽ ആഡംഭര കാറുകൾ മുൻപൊന്നുമില്ലാത്തവിധം സർവ്വസാധാരണമായിരിക്കുന്നു. പട്ടണങ്ങളിലെ കാര്യമല്ല നാട്ടിൻപുറത്തെ കാഴ്ച . . 
മുൻപ് പട്ടണങ്ങളിലെ പോലെ ഇവിടങ്ങളിലെ റോഡുകൾ വാഹനങ്ങളാൽ നിറഞ്ഞിരിക്കുന്നു. അതുപോലെ ഒരു പാട് വാഹനങ്ങള്‍ അപകടത്തില്‍ പെട്ട് അങ്ങിങ്ങായി ചളുങ്ങിയും ഒടഞ്ഞും തല കുത്തിയും താഴെ ഇറക്കില്‍ വീണും കിടക്കുന്ന കാഴ്ച ഇതിനു മുന്‍പ് വീഡിയോ ഗയ്മുകളില്‍ മാത്രമേ കണ്ടിട്ടുള്ളൂ.

- നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്നൊക്കെ പറയും പോലെ നെൽപാടങ്ങളും വഴിയോരങ്ങളും പുതിയ പുതിയ വീടുകളാലും കെട്ടിടങ്ങളാലും സമൃദ്ധം. പുഴയിൽനിന്ന് മുൻപ് കൊട്ടയിൽ പൂഴി വാരിയിരുന്ന സ്ഥലങ്ങളിൽ ഇപ്പോൾ മുളക്കംബില്‍ നെറ്റ് കെട്ടി deep water excavation നടന്നു വരുന്നു. 

- കേരളത്തിലെ പ്രവാസികൾ തമിഴരും ബീഹാറികളും പിന്നിട്ട് ബംഗാളിൽ എത്തിനില്ക്കുന്നു. ദിവസക്കൂലിക്കാരായ അവരുടെ കയ്യിലും സ്മാർട്ട്‌ ഫോണ്‍. !.!

- മുഖ്യധാരാ ഓട്ടോറിക്ഷകളെ നിഷ്പ്രഭമാക്കി കുട്ടിചാത്തൻ ലുക്ക്‌ ഉള്ള ഒരു പെട്ടിക്കൂട് വണ്ടി രംഗപ്രവേശനം ചെയ്തിരിക്കുന്നു 

- മലബാറുകാർക്ക് തെക്കോട്ട്‌ തീർഥാടനത്തിന്ന് പോകാൻ പുതിയൊരു കേന്ദ്രം കൂടി നിലവിൽ വന്നു - ലുലു മാൾ

- അങ്ങിങ്ങായി 'നിതാകാത്ത്' എന്ന് പേരായ തട്ടുകടകൾ കണ്ടുതുടങ്ങി 

എല്ലാം കണ്ടു സായൂജ്യമടങ്ങി തിരിച്ചു പോവാൻ നെടുംബാശേരിയിൽ കയറിയതോടെ ആശ്വാസമായി. ഉടൻ പ്രവർത്തനമാരംഭിക്കാൻ പോകുന്ന ഏറണാകുളത്തെ ഒരു വമ്പൻ വ്യവസായ സംരംഭത്തിന്നു തൊഴിലാളികളെയും നിക്ഷേപകരേയും തേടുന്ന പരസ്യങ്ങളാണ് വിമാനത്താവളത്തിൽ നിറയെ. - സംഗതി അടുത്ത ആശുപത്രി ആണെന്ന് മാത്രം.

ഇരുട്ടിന്റെ മറവില്‍ വിമാനം പറന്നുപൊങ്ങി. ജനലിനരികിൽ നെറ്റി കുത്തി താഴെ കാണുന്ന എൻറെ സുന്ദര കേരളത്തിന്റെ മിന്നാമിനുങ്ങ് പ്രഭയിൽ കണ്ണും നട്ടിരുന്നു. കാർമേഘപാളികൾ ജന്മനാടിനെ മറക്കുപിന്നിലാക്കും വരെ...

ShareThis